ലണ്ടൻ: സ്മാർട്ട്ഫോണുകളിലും ഡെസ്ക്ടോപ്പ് ആപ്പുകളിലും മാത്രം ലഭ്യമായിരുന്ന ഗ്രൂപ്പ് വോയ്സ്, വീഡിയോ കോളിംഗ് ഫീച്ചർ ഇനി വാട്സ്ആപ്പ് വെബിലും.
ബ്രൗസർ വഴി വാട്സ്ആപ്പ് ഉപയോഗിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ബീറ്റാ ടെസ്റ്റർമാർക്കായി ഈ സൗകര്യം കമ്പനി ലഭ്യമാക്കിത്തുടങ്ങിയതായി വാട്സ്ആപ്പ് ട്രാക്കിംഗ് വെബ്സൈറ്റായ വാബീറ്റാഇൻഫോ റിപ്പോർട്ട് ചെയ്തു. വരും ആഴ്ചകളിൽ തന്നെ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കും എത്തും.
ഇതുവരെ വാട്സ്ആപ്പ് വെബിൽ ഒരാളോട് മാത്രമായി വോയ്സ്, വീഡിയോ കോളുകൾ ചെയ്യാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പ് ചാറ്റുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
ഈ ഫീച്ചർ ലഭിച്ച ഉപയോക്താക്കളുടെ വാട്സ്ആപ്പ് വെബിലെ ഗ്രൂപ്പ് ചാറ്റ് വിൻഡോയ്ക്ക് മുകളിലായി ഒരു കോളിംഗ് ബട്ടൺ കാണാനാകും. ഇതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ വോയ്സ് കോളാണോ വീഡിയോ കോളാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കാൻ സാധിക്കും.
ഗ്രൂപ്പിലെ എല്ലാവരെയും ഒന്നിച്ച് വിളിക്കുന്നതിന് പകരം, ആവശ്യമുള്ള അംഗങ്ങളെ മാത്രം തെരഞ്ഞെടുത്ത് വിളിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.